ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം
കൊണ്ടോട്ടി ബ്ലോക്ക് 1957 ലാണ് നിലവിൽ വരുന്നത്. അന്ന് ഇത് കോഴിക്കോട് ജില്ലയുടെ ഭാഗമായിരുന്നു. ബ്ലോക്കിന്റെ ആരംഭകാലത്ത് വില്ലേജ് വികസന സമിതി പ്രസിഡണ്ട്മാരും ഗവൺമെന്റ് നോമിനേറ്റ് ചെയ്യുന്ന അംഗങ്ങളും ഉൾക്കൊള്ളുന്ന ബ്ലോക്ക് അഡ്‌വൈസറി കമ്മറ്റിയാണ് ബ്ലോക്കിന്റെ ഭരണം നടത്തിയിരുന്നത്. ആർ.ഡി.ഒ ആയിരുന്നു ഇതിൻ്റെ ചെയർമാൻ. എന്നാൽ കേരളത്തിൽ പഞ്ചായത്ത് സംവിധാനം നിലവിൽ വന്നതോടെ വില്ലേജ് വികസനസമിതി പ്രസിഡണ്ടുമാർക്കു പകരം പഞ്ചായത്ത് പ്രസിഡണ്ടുമാരെ അംഗങ്ങളാക്കി ബ്ലോക്ക് അഡ്‌വൈസറി കമ്മറ്റി പുനഃസംഘടിപ്പിച്ചു. 1968-ൽ ബ്ലോക്ക് അഡ്‌വൈസറി കമ്മറ്റിക്കു പകരം ബ്ലോക്ക് ഡവലപ്പ്മൻ്റ് കമ്മറ്റി നിലവിൽ വരികയും പഞ്ചായത്ത് പ്രസിഡണ്ടുമാരിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന ചെയർമാൻ കമ്മറ്റിയുടെ അദ്ധ്യക്ഷൻ ആവുകയും ചെയ്തു. അപ്രകാരം കൊണ്ടോട്ടി ബ്ലോക്കിന്റെ പ്രഥമ ചെയർമാനായി, വാഴയൂർ ഉൾക്കൊള്ളുന്ന അവിഭക്ത ചെറുകാവ് പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന ജ.പി.പി.അബ്ദുൽ ഗഫൂർ മൗലവി തെരഞ്ഞെടുക്കപ്പെട്ടു. കൊണ്ടോട്ടി ബ്ലോക്കിന്റെ ആദ്യകാല വികസനത്തിൽ മൗലവി വഹിച്ച പങ്ക് വളരെ വലുതാണ്.
1969-ൽ മലപ്പുറം ജില്ല രൂപീകരണത്തോടെ ഈ ബ്ലോക്ക് മലപ്പുറം ജില്ലയിലായി. ആരംഭകാലത്ത് ഊർങ്ങാട്ടിരി, കുഴിമണ്ണ, ചീക്കോട്, ചേലേമ്പ്ര, ചെറുകാവ്, കൊണ്ടോട്ടി, പള്ളിക്കൽ, പുളിക്കൽ, വാഴക്കാട് എന്നീ ഒൻപത് പഞ്ചായത്തുകളായിരുന്നു ഈ ബ്ലോക്കിൽഉണ്ടായിരുന്നത്. പിന്നീട് ഊർങ്ങാട്ടിരി പഞ്ചായത്ത് വിഭജിച്ച് കീഴ്‌പറമ്പ് പഞ്ചായത്തും ചെറുകാവ് പഞ്ചായത്ത് വിഭജിച്ച് വാഴയൂരും നിലവിൽ വന്നതോടെ ബ്ലോക്കിൻ്റെ കീഴിലുള്ള പഞ്ചായ ത്തുകളുടെ എണ്ണം 11 ആയി. 1988-ൽ ഊർങ്ങാട്ടിരി, കീഴ്പറമ്പ് എന്നീ പഞ്ചായത്തുകൾ അരീക്കോട് ബ്ലോക്കിലേയ്ക്ക് ചേർത്തു. അതോടെ കൊണ്ടോട്ടി ബ്ലോക്കിലെ പഞ്ചായത്തുകളുടെ എണ്ണം വീണ്ടും 9 ആയി. 1990-ൽ കുഴിമണ്ണയും ചീക്കോടും കൂടി അരീക്കോട് ബ്ലോക്കിൻ്റെ കീഴിലാക്കുകയും മലപ്പുറം ബ്ലോക്കിലായിരുന്ന നെടിയിരുപ്പ് പഞ്ചായത്ത് കൊണ്ടോട്ടിയുടെ കീഴിൽ വരുകയും ചെയ്തപ്പോൾ കൊണ്ടോട്ടി ബ്ലോക്കിൽ ആകെ 8 പഞ്ചായത്തുകളായി ചുരുങ്ങി. 2015 ൽ കൊണ്ടോട്ടി, നെടിയിരുപ്പ് ഗ്രാമപഞ്ചായത്തുകൾ ചേർത്ത് കൊണ്ടോട്ടി മുൻസിപ്പാലിറ്റി രൂപീകരിച്ചു. സ്വാഭാവികമായും നഗരപ്രദേശം ബ്ലോക്കിന് പുറത്തായി. അരീക്കോട് ബ്ലോക്കിൻ്റെ ഭാഗമായിരുന്ന ചീക്കോട് ഗ്രാമപഞ്ചായത്ത് വിഭജിച്ച് രൂപീകരിച്ച മുതുവല്ലൂർ ഗ്രാമപഞ്ചായത്തിനെ കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തിലേക്ക് ചേർക്കുകയും ചെയ്തു. അങ്ങിനെ നിലവിൽ ചീക്കോട്, ചേലേമ്പ്ര, ചെറുകാവ്, പള്ളിക്കൽ, പുളിക്കൽ, വാഴക്കാട്, മുതുവല്ലൂർ7 ഗ്രാമപഞ്ചായത്തുകൾ ചേർന്നതാണ് കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത്.
കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തിന്റെ ആസ്ഥാനം കൊണ്ടോട്ടിയിൽ തന്നെയാണ്. അങ്ങാടിയുടെ ശബ്ദമുഖരിതമായ അന്തരീക്ഷത്തിൽ നിന്നും അകന്ന് പള്ളിക്കൽ തൊടി എത്തൊലി രായിൻ സംഭാവന ചെയ്‌ത സ്ഥലത്താണ് ബ്ലോക്ക് കാര്യാലയം സ്ഥിതിചെയ്യുന്നത്.